Tuesday, 15 May 2012

ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങി

പെരുമ്പിലാവ്:ലതോസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തുന്ന ബിജേഷ് മേമ്മോറിയല്‍ അഖിലകേരള ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങി. മത്സരങ്ങളുടെ ഉദ്ഘാടനം പാലക്കാട് ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കമറുദ്ദീന്‍ അധ്യക്ഷനായി. പി.വി. ജയകുമാര്‍ പി.എ. സുരേഷ്, കെ.എച്ച്. നവാസ്, എന്‍.സി. ശിവദാസന്‍, കെ.എച്ച്. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടനമത്സരത്തില്‍ ഒ.ആര്‍.പി.സി. കേച്ചേരി വിജയികളായി. കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍

ഡി.എഫ്.സി. ജേതാക്കള്‍

കരിക്കാട്‌:പട്ടിത്തടം രാഹുല്‍ഗാന്ധി ഫാന്‍സ് അസോസിയേഷന്‍ ക്ലബ്ബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കരിക്കാട് ഡി.എഫ്.സി. ക്ലബ്ബ് ജേതാക്കളായി. ഫൈനലില്‍ കിഴൂര്‍ റൈഡേഴ്‌സിനെയാണ് തോല്പിച്ചത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷനേതാവ് കെ. ജയശങ്കര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡംഗം വി.കെ. ഹക്കിം അധ്യക്ഷനായി. ശശിധരന്‍ കണ്ടമ്പുള്ളി, ഷിനോയ്, വി.ജെ. ജെബ്‌സണ്‍, ടി.എം. സുഗതന്‍, എ.എച്ച്. ആഷിക്, എം.എ. ഷഹിര്‍, സാദിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Friday, 11 May 2012

സ്റ്റുഡന്റ് പോലീസ് ജില്ലാ ക്യാമ്പ് തുടങ്ങി

പെരുമ്പിലാവ്: സ്റ്റുഡന്റ് പോലീസ് ജില്ലാ കേഡറ്റ് ക്യാമ്പിന് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് ബാബു എം. പാലിശ്ശേരി എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുഹാജി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നൂര്‍ജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കൊച്ചനിയന്‍, കാട്ടകാമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. മണികണ്ഠന്‍, അന്‍സാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. മുഹമ്മദ്‌റഷീദ്, പഞ്ചായത്തംഗം കെ. ബേബി, കുന്നംകുളം ഡിവൈഎസ്​പി കെ.കെ. ഇബ്രാഹിം, അന്‍സാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. ഷാജു എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ പോലീസ് മേധാവി പി.എച്ച്. അഷറഫ് സ്വാഗതവും എസ്.പി.സി. പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈഎസ്​പി സി.ആര്‍. സേവ്യര്‍ നന്ദിയും പറഞ്ഞു.

പ്രമുഖരുടെ ക്ലാസും ചര്‍ച്ചകളും പരേഡും കായിക പരിശീലനവും ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. വ്യക്തിത്വ വികസനവും സാമൂഹിക സേവനവും എന്ന വിഷയത്തില്‍ പ്രൊഫ. രജിത്ത്കുമാര്‍ ക്ലാസെടുത്തു. തുടര്‍ന്നു നടക്കുന്ന ക്ലാസുകളില്‍ അനുപമ, സിപ്പി പള്ളിപ്പുറം, ജയരാജ് വാര്യര്‍, വി.കെ. ശ്രീരാമന്‍, റഫീക്ക് അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കും.

കോട്ടോലില്‍ അനധികൃത ചെങ്കല്‍വെട്ട്

പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ കോട്ടോല്‍ നായാടി കോളനിയില്‍ നിരോധം ലംഘിച്ച് മാഫിയസംഘം മണ്ണെടുപ്പും ചെങ്കല്ലുവെട്ടും അനുസ്യൂതം തുടരുന്നു. അധികാരികളും രാഷ്ട്രീയ നേതാക്കളും കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. കോളനി നിവാസികളുടെ വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന നിലയില്‍ കല്ലുവെട്ട് തുടരുമ്പോഴും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുള്ളതായി സൂചന.
കോളനി പ്രദേശത്ത് ഏക്കര്‍ കണക്കിന് സ്ഥലത്താണ് കല്ലുവെട്ട് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. വീടുകള്‍ക്ക് സമീപത്തായി വലിയ ആഴത്തില്‍ ചെങ്കല്ലുവെട്ട് പൊടിപൊടിക്കുന്നത് അധികാരികളുടെ മൗനാനുവാദത്തോടെയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പലതവണ പരാതി നല്‍കിയെങ്കിലും നടപടിയായില്ല.
കോളനി നിവാസികളുടെയോ നാട്ടുകാരുടെയോ പരാതിയെ തുടര്‍ന്ന് പൊലീസ് ഇറങ്ങിയാല്‍ മണ്ണെടുപ്പ് മാഫിയ സംഘത്തിന് സ്റ്റേഷനുകളില്‍നിന്ന് സന്ദേശം നല്‍കാന്‍ ഏജന്‍റുമാര്‍ വിവിധ മേഖലകളില്‍ ഉള്ളത് പൊലീസ് അധികാരികളെ വെട്ടിലാക്കുന്നു. ജിയോളജി വകുപ്പും റവന്യൂ പഞ്ചായത്ത് അധികൃതരും പരാതി സ്വീകരിക്കുകയല്ലാതെ നടപടിക്ക് മുതിരുന്നില്ല. അനധികൃത ചെങ്കല്ല് വെട്ട് സംബന്ധിച്ച് വിവരമറിഞ്ഞതോടെ ബന്ധപ്പെട്ടവരോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായി സി.പി.എം ഏരിയാ സെക്രട്ടറി എം. ബാലാജി വ്യക്തമാക്കി.
നായാടി കോളനി നിവാസികള്‍ക്ക് ഭീഷണിയായി മാറിയ മണ്ണെടുപ്പ് ക്വാറി കേന്ദ്രം സന്ദര്‍ശിക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് ടി.കെ. ശിവശങ്കരന്‍ പറഞ്ഞു.
അനധികൃത മണ്ണെടുപ്പ് മൂലം നായാടി കോളനി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശക്തമായി പ്രതിഷേധവുമായി രംഗത്തുവരുമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് അനീഷ് എയ്യാല്‍ പ്രസ്താവിച്ചു.