Tuesday 18 October 2011

തണത്തറ പാലത്തിന് ശാപമോക്ഷം

പെരുമ്പിലാവ്: തൃശൂര്‍ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന അതിര്‍ത്തി പ്രദേശമായ ഒറ്റപ്പിലാവ് ‘തണത്തറ’ പാലത്തിന്‍െറ പുനര്‍ നിര്‍മാണം ആരംഭിച്ചു. സംസ്ഥാനപാത 17ല്‍ പെരുമ്പിലാവ് നിലമ്പൂര്‍ റോഡ് ഇരട്ടിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നിര്‍മാണം.
ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പാലത്തിന് വീതിക്കുറവ് മൂലം അപകടങ്ങള്‍ പതിവായിരുന്നു. പാലത്തിന്‍െറ കൈവരികളും അപകട നിലയിലായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് പൊതുമരാമത്ത് വകുപ്പ് സ്ഥലത്തിന്‍െറ ലെവല്‍ പരിശോധിച്ച് നിര്‍മാണത്തിനുള്ള ഭരണാനുമതി നല്‍കിയത്. പാലം പൊളിച്ചു മാറ്റുന്നതിന്‍െറ ഭാഗമായി കഴിഞ്ഞ ദിവസം പാലത്തിന് തൊട്ടടുത്ത് ബദല്‍ റോഡ് ഉണ്ടാക്കല്‍ ആരംഭിച്ചു. അടുത്ത ദിവസം പാലം പൊളിച്ച് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്‍െറ നിര്‍മാണം. അതില്‍ 35 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയില്‍ നിക്ഷേപിക്കും. ബാക്കി വരുന്ന രണ്ട് കോടി 15 ലക്ഷം രൂപ ചെലവഴിച്ച് ഇരുവാഹനങ്ങള്‍ക്ക് ഒന്നിച്ച് കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ ഏഴര മീറ്റര്‍ വീതിയില്‍ പുതിയ പാലം നിര്‍മിക്കും. പാവറട്ടി ശുദ്ധജല വിതരണത്തിന്‍െറ പൈപ്പുകള്‍ക്ക് കേട്പാടുകള്‍ സംഭവിക്കാത്ത രീതിയിലാണ് നിര്‍മാണം നടത്തുക. കൊടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പണി ഏറ്റെടുത്തിരിക്കുന്നത്.
പത്ത് മാസത്തിനകം പണി പൂര്‍ത്തിയാക്കി സഞ്ചാര യോഗ്യമാക്കാനാണ് കരാര്‍. പാലം പൊളിച്ച് പണി നടക്കുന്നതു മൂലം വാഹന ഗതാഗതത്തിന് വണ്‍വേ സമ്പ്രദായം നിലവില്‍ വരും. വാഹനങ്ങള്‍ക്ക് പെരുമ്പിലാവ് നിന്ന് കല്ലുംപുറം ചാലിശേരി അങ്ങാടി വഴി പട്ടാമ്പി ഭാഗത്തേക്ക് തിരിച്ച് വിടാനും തീരുമാനമായിട്ടുണ്ട്. പാലം പണി പൂര്‍ത്തിയായാല്‍ നാടിന്‍െറ ചിരകാലാഭിലാഷം പൂര്‍ത്തിയാകും.

No comments:

Post a Comment