Thursday 3 November 2011

എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയിടഞ്ഞു

കുന്നംകുളം: പള്ളി പെരുന്നാളിനു എഴുന്നള്ളിക്കാനായി കൊണ്ടുവന്ന ആനകളില്‍ രണ്ടെണ്ണം ഇടഞ്ഞു. പാപ്പാന്മാര്‍ ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ചൊവ്വന്നൂര്‍, മരത്തംകോട് എന്നീ പള്ളികളിലെ പെരുന്നാളിനു എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ആനകളാണ് ഇടഞ്ഞത്. ഊട്ടോളി ഗണപതി എന്ന ആനയാണ് രാവിലെ 10 മണിയോടെ കുളിപ്പിക്കാന്‍ കൊണ്ടുവരുമ്പോള്‍ അനുസരണക്കേട് കാട്ടിയത്. ചൊവ്വന്നൂര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാളിനു എട്ടുംപുറം ദേശക്കാരുടെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്നതാണ് ആന. തല്ലിയ പാപ്പാനെ ആന തുമ്പിക്കൈയില്‍ എടുത്തെറിഞ്ഞെങ്കിലും പരിക്ക് പറ്റിയില്ല. തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന മറ്റ് ആനകളുടെ പാപ്പാന്മാര്‍ ഓടിയെത്തി ഏട്ടമുറം ഭാഗത്ത് തളച്ചു. തളയ്ക്കുന്നതിനിടയില്‍ പറമ്പിലെ കവുങ്ങ് ആന മറച്ചിട്ടു. ഉടമയെത്തി വൈകീട്ടോടെ ആനയെ കൊണ്ടുപോയി.

മരത്തംകോട് സെന്റ് ഗ്രിഗോറിയോസ് പള്ളി പെരുന്നാളിന്റെ പ്രദക്ഷിണത്തിന് ശേഷമാണ് രണ്ടാമത്തെ ആന ഇടഞ്ഞത്. ചീരോത്ത് രാജീവ് എന്ന ആനയാണ് ഇടഞ്ഞത്. പ്രദക്ഷിണത്തിന് ശേഷം നെറ്റിപ്പട്ടം അഴിക്കുന്നതിനിടയിലാണ് ആന അനുസരണക്കേട് കാട്ടിയത്.വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 
മരത്തംകോട് പള്ളിയിലെ കിഴക്കേ അങ്ങാടിക്കാരാണ് ആനയെ എഴുന്നള്ളത്തിനായി കൊണ്ടുവന്നത്. നെറ്റിപ്പട്ടവും ചമയങ്ങളും അഴിക്കുന്നതിനിടെ ആന പഴുന്നാന റോഡിലേക്ക് ഓടി. ഈ സമയത്ത് പള്ളിയില്‍ നല്ല തിരക്കുണ്ടായിരുന്നതിനാല്‍ ആന ഓടിയതറിഞ്ഞ് സ്ത്രീകളും കുട്ടികളും പരിഭ്രാന്തരായി. ഇടഞ്ഞ ആനയുടെ പുറത്ത് പാപ്പാന്‍ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് എസ്‌ഐ എം. മഹേന്ദ്രസിംഹന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. ഇവിടെയും മറ്റ് ആനകളുടെ പാപ്പാന്മാര്‍ ഉടന്‍ എത്തി രാത്രി ഏഴരയോടെ ആനയെ തളച്ചു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ല.

No comments:

Post a Comment