Monday 3 October 2011

കൊച്ചി-മംഗലാപുരം പൈപ്പ്‌ലൈന്‍: ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു


പെരുമ്പിലാവ്: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച പെരുമ്പിലാവ് വില്ലേജിലെ 50ഓളംപേര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. 2003ല്‍ ബന്ധപ്പെട്ട സ്ഥലമുടമകളുടെ അനുമതിയില്ലാതെ ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യ പൈപ്പ്‌ലൈനിനായി സര്‍വെ നടത്തുകയാണുണ്ടായത്. ഉടമകളോട് ഭൂമി വിട്ടുകൊടുക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയാണുണ്ടായത്. പദ്ധതി സംബന്ധമായി വിശദീകരണങ്ങള്‍ നല്‍കാതെയും നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കാതെയുമാണ് ഗ്യാസ് അതോറിട്ടി ഉദ്യോഗസ്ഥര്‍ വീടുകളില്‍ നോട്ടീസ് നല്‍കിയത്.

പെരുമ്പിലാവ് കണക്ക കോളനി, പുതിയഞ്ചിരിക്കാവ് കുറവ കോളനി എന്നിവ പൂര്‍ണമായും ഇല്ലാതാകുന്ന രീതിയിലാണ് പൈപ്പ്‌ലൈനിന്റെ സര്‍വെ നടന്നിരിക്കുന്നത്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനായി ഏറ്റെടുക്കുന്ന 10 മീറ്റര്‍ സ്ഥലങ്ങളില്‍ വീട് നിര്‍മിക്കാനോ കിണര്‍ നിര്‍മിക്കാനോ കാര്‍ഷികവൃത്തി നടത്തുന്നതിനോ പാടില്ലെന്നാണ് നിയമം. പല വീടുകളും പൊളിച്ചുമാറ്റേണ്ട നിലയാണുള്ളത്.

കാവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ്, കൊരട്ടിക്കര, പുത്തന്‍കുളം, അറയ്ക്കല്‍ വാര്‍ഡുകളിലൂടെയാണ് പ്രധാന ലൈന്‍ കടന്നുപോകുന്നത്. ഇതുമൂലം നിരവധി കൃഷിസ്ഥലവും കിടപ്പാടവും നഷ്ടമാവും. പുത്തന്‍കുളം, അറയ്ക്കല്‍, പുതിയഞ്ചിരിക്കാവ്, പൂയംകുളം എന്നീ പാടശേഖരങ്ങളിലായി ഏക്കര്‍കണക്കിന് നെല്‍കൃഷിയെ പൈപ്പ്‌ലൈന്‍ ദോഷകരമായി ബാധിക്കും. പല നീര്‍ത്തടങ്ങളും ഇതോടെ ഇല്ലാതാകും.

പൈപ്പ്‌ലൈന്‍ ജനവാസം കുറഞ്ഞ സ്ഥലത്തേയ്ക്ക് മാറ്റണമെന്നും ജനങ്ങളുടെ ദുരൂഹത മാറ്റണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ചെയര്‍മാനായി വി.കെ. ഹരിദാസന്‍, ജനറല്‍ കണ്‍വീനറായി എം.എ.കമറുദ്ദീന്‍, കണ്‍വീനര്‍മാരായി അനില്‍ സി., സി.എം.ചന്ദ്രന്‍, രക്ഷാധികാരിയായി ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു.

No comments:

Post a Comment