Thursday 29 September 2011

പെരുമ്പിലാവ് ജങ്ഷനിലെ നിര്‍മാണപ്രവര്‍ത്തികള്‍ നാട്ടുകാരും വ്യാപാരികളും തടഞ്ഞു

പെരുമ്പിലാവ്: ചൂണ്ടല്‍ - കുറ്റിപ്പുറം റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായുള്ള പെരുമ്പിലാവ് ജങ്ഷന്‍ നിര്‍മാണ പ്രവൃത്തികള്‍ വ്യാപാരികളും നാട്ടുകാരും തടഞ്ഞു. കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്ക് തിരിയുന്ന ജങ്ഷനായ പെരുമ്പിലാവില്‍ ഡിവൈഡര്‍ സ്ഥാപിക്കാന്‍ കെ.എസ്.ടി.പി ഏറെ വൈകി ആരംഭിച്ച പ്രവൃത്തികളാണ് രോഷാകുലരായ വ്യാപാരികള്‍ ശനിയാഴ്ച വൈകുന്നേരം തടഞ്ഞത്. രണ്ട് റോഡുകളിലായി വിഭജിക്കുന്ന ജങ്ഷനിലെ നിലവിലുള്ള സിഗ്നല്‍ ബോര്‍ഡുകള്‍ മാറ്റിയത് അപകട പരമ്പരക്ക് കാരണമായിരുന്നു. ജങ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാന്‍ കലുങ്ക് ഉണ്ടാക്കണമെന്ന വ്യാപാരികളുടെ ആവശ്യം കെ.എസ്.ടി.പി മുഖവിലക്കെടുക്കാതിരുന്നതാണ് പണി തടയാന്‍ കാരണം.
മഴ കനത്താല്‍ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിലെ പോകുന്നത്. അംഗീകരിച്ച പ്ളാനില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാണ് ജങ്ഷനില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. എട്ടുവര്‍ഷം മുമ്പ് ആരംഭിച്ച പ്രവൃത്തികള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാനായില്ല. ഈ ജങ്ഷനില്‍ ‘യു’ടേണ്‍ നിര്‍മിക്കാനായിരുന്നു ലക്ഷ്യം. കലുങ്ക് സ്ഥാപിച്ചാല്‍ വെള്ളക്കെട്ട് ഒഴിവാകും. അതിന് തയാറാകാത്ത നിര്‍മാണ ഏജന്‍സി ഇനി പണി തുടരേണ്ടെന്ന നിലപാടാണ് നാട്ടുകാര്‍ക്ക്. കെ.എം. ഷാജി, മോഹനന്‍, ഷെമീര്‍, സദറുദ്ദീന്‍, എന്നിവരുടെ നേതൃത്വത്തിലാണ് പണി നിര്‍ത്തിവെപ്പിച്ചത്. വേണ്ടത്ര സിഗ്നല്‍ - ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതുമൂലം ഇനിയും അപകട സാധ്യതയുണ്ട്.

No comments:

Post a Comment