Wednesday 26 October 2011

പെരുമ്പിലാവില്‍ വെള്ളക്കെട്ട്; വാഹനങ്ങള്‍ തടഞ്ഞു

പെരുമ്പിലാവ്: മഴ കനത്തതോടെ പെരുമ്പിലാവ് സെന്‍ററില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിലവിലുള്ള കലുങ്ക് വൃത്തിയാക്കാന്‍ റോഡ് നിര്‍മാണ കമ്പനി തയാറാകാത്തതു മൂലം വെള്ളക്കെട്ടിനെത്തുടര്‍ന്ന് കച്ചവടക്കാര്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. പെരുമ്പിലാവില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ചുണ്ടല്‍-കുറ്റിപ്പുറം റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി പെരുമ്പിലാവ് ജങ്ഷനില്‍ ട്രാഫിക് ഐലന്‍റ് ഉള്‍പ്പെടെ സ്ഥാപിക്കുന്നതിനായി വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞയാഴ്ചയോടെ കെ.എസ്.ടി.പി പൂര്‍ത്തിയാക്കി. ഇതിന്‍െറ ഭാഗമായി പെരുമ്പിലാവ് സെന്‍റര്‍ മുതല്‍ അക്കിക്കാവ് പെട്രോള്‍ പമ്പ് വരെ കോണ്‍ക്രീറ്റ് ഡിവൈഡര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് റോഡിന്‍െറ മധ്യഭാഗത്ത് മണ്ണുമാന്തി ഉപയോഗിച്ച് കാനയും ഉണ്ടാക്കി. എന്നാല്‍ നിലവിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പെരുമ്പിലാവിനും അക്കിക്കാവിനു മധ്യത്തിലായുള്ള കലുങ്ക് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതിന് മുതിരാതെ കെ.എസ്.ടി.പി ഡിവൈഡര്‍ സ്ഥാപിക്കാന്‍ റോഡിന്‍െറ മധ്യഭാഗം പൊളിക്കുന്നത് കച്ചവടക്കാര്‍ തടഞ്ഞതോടെ മാന്തിയതുവരെ ഡിവൈഡര്‍ സ്ഥാപിച്ച് കെ.എസ്.ടി.പി അധികൃതര്‍ സ്ഥലം വിട്ടു. കാലങ്ങളായി പെരുമ്പിലാവില്‍ മഴ പെയ്താല്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഡിവൈഡര്‍ സ്ഥാപിച്ചപ്പോള്‍ രൂക്ഷമായി. കള്‍വര്‍ട്ടും സമീപ കാനയും വൃത്തിയാക്കി  പുനഃസ്ഥാപിച്ചാല്‍ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്ന കച്ചവടക്കാരുടെ ആവശ്യത്തിന്  എം.എല്‍.എ പരിഹാരം കാണാമെന്ന് ഉറപ്പ് കൊടുത്തിരുന്നതായി വ്യാപാരികള്‍ പറയുന്നു. വെള്ളം ഉയര്‍ന്നതോടെ കച്ചവട സ്ഥാപനങ്ങളിലേക്ക് വാഹനങ്ങള്‍ പോകുന്നത് മൂലം വെള്ളം തെറിച്ചതോടെ വ്യാപാരികള്‍ ചേര്‍ന്ന് എല്ലാ വാഹനങ്ങളും തടയുകയായിരുന്നു.  മാലിന്യങ്ങളും റോഡില്‍ ഒഴുകിയെത്തിയതോടെ ദുരിതം ഇരട്ടിയായി. ഈ മേഖലയില്‍ 45 മിനിട്ടോളം ഭീകര അന്തരീക്ഷം അരങ്ങേറി. വെള്ളം ഒഴുകിപ്പോയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

No comments:

Post a Comment