Wednesday 2 November 2011

ബിജേഷ് വധം: പ്രതികള്‍ ഒളിവില്‍ തന്നെ

കുന്നംകുളം: ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ളോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റായിരുന്ന എ.ബി. ബിജേഷിന്‍െറ കൊലപാതകത്തിന് വര്‍ഷം രണ്ട് തികയുമ്പോഴും യഥാര്‍ഥ പ്രതികള്‍ ഒളിവില്‍ തന്നെ. മുഖ്യ പ്രതികളെ പിടികൂടാനാകാതെ പൊലീസിന്‍െറ അന്വേഷണം വഴിമുട്ടിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ കഴിയാത്തവര്‍ രക്തസാക്ഷി വാരാചരണ പരിപാടികളില്‍ ഒതുങ്ങുന്നു.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗവും കൂടിയായ ബിജേഷ് 2009 ഒക്ടോബര്‍ 23നാണ് ആക്രമണത്തിനിരയായത്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ നവംബര്‍ രണ്ടിന് മരിച്ചു. എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടെ അഞ്ചുപേരെ പൊലീസ് പിടികൂടിയെങ്കിലും മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.
അബ്ദുല്ല, ഷബീര്‍, ഉസ്മാന്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നെങ്കിലും വര്‍ഷം രണ്ടായതോടെ പൊലീസ് ഒടുവില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മധ്യത്തോടെയാണ് പൊലീസ് കോടതിക്ക് കേസ് കൈമാറിയത്.  പ്രതികളെ പിടികൂടാന്‍ പൊലീസ് വേണ്ടത്ര ശ്രമം നടത്തിയിരുന്നില്ളെന്നും അതിന് ഭരണസ്വാധീനം ഉപയോഗപ്പെടുത്തിയില്ളെന്നും അണികള്‍ക്കിടയില്‍ പരക്കെ ആഷേപമുയര്‍ന്നിരുന്നു.  പ്രതികളെ പിടികൂടാന്‍ കഴിയാത്ത പൊലീസിന് നേരെ പ്രതികരിക്കാന്‍ പോലും പ്രതിപക്ഷമായ സി.പി.എം തയാറാകാത്തത് ബിജേഷിന്‍െറ കുടുംബത്തോടുള്ള അനാദരവാണെന്നും അണികളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment