Saturday 5 November 2011

രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും-എച്ച്.എം.സി

പഴഞ്ഞി: രോഗികള്‍ക്ക് കിടത്തിച്ചികില്‍സ വേണ്ടിവരുന്ന സമയത്ത് ചികില്‍സ നിഷേധിക്കുന്നുവെന്ന പരാതികള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് പഴഞ്ഞി പ്രാഥമികാരോഗ്യ കേന്ദ്രം എച്ച്.എം.സി യോഗം വിലയിരുത്തി. എല്ലാ ദിവസവും രാത്രി സമയങ്ങളിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുന്നതിനും രാത്രിയിലെ ഡ്യൂട്ടി നഴ്സുമാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ആശുപത്രിയിലെ മരുന്നുകള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂം ശീതീകരിക്കാനും തീരുമാനിച്ചു.  ബ്ളോക്ക് പഞ്ചായത്തിന്‍െറ ഫണ്ടുപയോഗിച്ച് പുതിയ ഇന്‍സിനറേറ്റര്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും മലിനീകരണ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊല്യൂഷന്‍ ബോര്‍ഡ് ഇന്‍സിനറേറ്ററിന് അനുമതി നല്‍കിയില്ളെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.  പ്രാഥമികാരോഗ്യകേന്ദ്രത്തിന് കേടായ ഇന്‍സിനറേറ്റര്‍ റിപ്പയര്‍ ചെയ്യുന്നതിനോ പുതിയത് വാങ്ങുന്നതിനോ അനുവാദം നല്‍കുകയില്ളെന്നുള്ള പൊല്യൂഷന്‍ ബോര്‍ഡിന്‍െറയും ബന്ധപ്പെട്ട അധികാരികളുടെയും തീരുമാനം പുനഃപരിശോധിക്കണമെന്നും അനുവാദം നല്‍കാത്ത പക്ഷം പകരം സംവിധാനം നടപ്പില്‍ വരുത്താനാവശ്യമായ നടപടിയെടുക്കണമെന്ന് യോഗത്തില്‍ ബ്ളോക്ക് പ്രതിപക്ഷ നേതാവ് കെ. ജയശങ്കര്‍, എം.എന്‍. സത്യന്‍, ഷാജന്‍ മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പത്മം വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വി.എസ്. സിദ്ധാര്‍ഥന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഓമന ബാബു, എം.എന്‍. സത്യന്‍, കെ.ടി. ഷാജന്‍, ആഷിക് കാദിരി, ബി.ഡി.ഒ ശക്തിധരന്‍, സൂപ്രണ്ട് ഡോ. രാധ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment