Friday 11 May 2012

കോട്ടോലില്‍ അനധികൃത ചെങ്കല്‍വെട്ട്

പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ കോട്ടോല്‍ നായാടി കോളനിയില്‍ നിരോധം ലംഘിച്ച് മാഫിയസംഘം മണ്ണെടുപ്പും ചെങ്കല്ലുവെട്ടും അനുസ്യൂതം തുടരുന്നു. അധികാരികളും രാഷ്ട്രീയ നേതാക്കളും കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. കോളനി നിവാസികളുടെ വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന നിലയില്‍ കല്ലുവെട്ട് തുടരുമ്പോഴും അധികൃതര്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുള്ളതായി സൂചന.
കോളനി പ്രദേശത്ത് ഏക്കര്‍ കണക്കിന് സ്ഥലത്താണ് കല്ലുവെട്ട് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. വീടുകള്‍ക്ക് സമീപത്തായി വലിയ ആഴത്തില്‍ ചെങ്കല്ലുവെട്ട് പൊടിപൊടിക്കുന്നത് അധികാരികളുടെ മൗനാനുവാദത്തോടെയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പലതവണ പരാതി നല്‍കിയെങ്കിലും നടപടിയായില്ല.
കോളനി നിവാസികളുടെയോ നാട്ടുകാരുടെയോ പരാതിയെ തുടര്‍ന്ന് പൊലീസ് ഇറങ്ങിയാല്‍ മണ്ണെടുപ്പ് മാഫിയ സംഘത്തിന് സ്റ്റേഷനുകളില്‍നിന്ന് സന്ദേശം നല്‍കാന്‍ ഏജന്‍റുമാര്‍ വിവിധ മേഖലകളില്‍ ഉള്ളത് പൊലീസ് അധികാരികളെ വെട്ടിലാക്കുന്നു. ജിയോളജി വകുപ്പും റവന്യൂ പഞ്ചായത്ത് അധികൃതരും പരാതി സ്വീകരിക്കുകയല്ലാതെ നടപടിക്ക് മുതിരുന്നില്ല. അനധികൃത ചെങ്കല്ല് വെട്ട് സംബന്ധിച്ച് വിവരമറിഞ്ഞതോടെ ബന്ധപ്പെട്ടവരോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായി സി.പി.എം ഏരിയാ സെക്രട്ടറി എം. ബാലാജി വ്യക്തമാക്കി.
നായാടി കോളനി നിവാസികള്‍ക്ക് ഭീഷണിയായി മാറിയ മണ്ണെടുപ്പ് ക്വാറി കേന്ദ്രം സന്ദര്‍ശിക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് ടി.കെ. ശിവശങ്കരന്‍ പറഞ്ഞു.
അനധികൃത മണ്ണെടുപ്പ് മൂലം നായാടി കോളനി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശക്തമായി പ്രതിഷേധവുമായി രംഗത്തുവരുമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് അനീഷ് എയ്യാല്‍ പ്രസ്താവിച്ചു.

No comments:

Post a Comment