Wednesday 2 May 2012

പ്രകൃതിവാതക പദ്ധതി: പൈപ്പ് ലോറികള്‍ തടഞ്ഞു

പെരുമ്പിലാവ്: കൊച്ചിയില്‍ നിന്നും മംഗലാപുരത്തെക്കും ബംഗളൂരിലേക്കായി പ്രകൃതിവാതക പദ്ധതിക്കായുള്ള പൈപ്പുകള്‍ കൊണ്ടുവന്ന എട്ടോളം ലോറികള്‍ ചാലിശേരിയിലും പെരുമ്പിലാവിലും നാട്ടുകാര്‍ തടഞ്ഞു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍െറ (ഗെയില്‍) പദ്ധതിക്ക് പൈപ്പുകളുമായി വന്ന ലോറികള്‍ ഞായറാഴ്ച രാവിലെ പത്തോടെയാണ് ചാലിശേരി ഗോഡൗണിന് സമീപം ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ തടഞ്ഞത്. പുലര്‍ച്ചെ അഞ്ചോടെയാണ് പൈപ്പുകള്‍ ചാലിശേരിയില്‍ എത്തിയത്. പിന്നീട് മൂന്ന് പൈപ്പുകള്‍ ഇറക്കിയതോടെ ചാലിശേരി പഞ്ചായത്ത് പ്രതിരോധ സമിതിയും സി.പി.എം പ്രവര്‍ത്തകരും ഒത്ത് ചേര്‍ന്ന് തടയുകയായിരുന്നു. ജനവാസ മേഖലയിലൂടെ പ്രകൃതി വാതകം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും അതിനാല്‍ പൈപ്പുകള്‍ നീക്കണമെന്നും ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ലോറി ജീവനക്കാരുമായി ഉണ്ടായ വാക്ക്തര്‍ക്കം സംഘര്‍ഷാവസ്ഥ സൃഷിടിച്ചു. ചാലിശേരിയിലുള്ള കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ പാഴ്സല്‍ വിഭാഗത്തിന്‍െറ ഗോഡൗണാണ് ഗെയില്‍ കമ്പനി വാടകക്ക് എടുത്തിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ മെഷിനറികളും സാധനസാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് തന്നെയാണ് പൈപ്പുകളും ഇറക്കാന്‍ ആരംഭിച്ചത്. ഇതോടെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പി.ആര്‍. കുഞ്ഞുണ്ണി, പി.എ. നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉമ്മര്‍ മൗലവി, എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ഇറക്കിയ പൈപ്പുകള്‍ ലോറിയില്‍ കയറ്റി തിരിച്ചയച്ചു. തുടര്‍ന്ന് പെരുമ്പിലാവ് റോഡരികില്‍ പൈപ്പുകള്‍ ഇറക്കാന്‍ ശ്രമിച്ചതോടെ പെരുമ്പിലാവ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു. ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ജനങ്ങളെ തെരുവിലിറക്കി സുരക്ഷക്ക് ഭീഷണി ഉയര്‍ത്തി. നാട്ടില്‍ വികസനം കൊണ്ടുവരേണ്ടതില്ലെന്നും ജനവാസ മേഖലയിലൂടെ വാതക പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്നും ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി കെ.ബി. ജയന്‍ വ്യക്തമാക്കി. ജനവാസ മേഖലയില്‍ പൈപ്പ് സ്ഥാപിക്കാനും ജനങ്ങളെ കുടിയിറക്കാനും അനുവദിക്കില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.എ. കമറുദ്ദീന്‍ പറഞ്ഞു. ലോറി ജീവനക്കാരുമായി ഏറെ നേരം വാക്ക്തര്‍ക്കം ഉണ്ടായി. പ്രതിഷേധത്തെത്തുടര്‍ന്ന് പൈപ്പ് ഇറക്കാതെ ഗെയില്‍ ആസ്ഥാനത്തേക്ക് തിരിച്ചുപോയി. എന്നാല്‍ ലേബര്‍ കമീഷന്‍െറ അനുമതി തേടിയിട്ടുണ്ടെന്നും പദ്ധതി നടപ്പാക്കുമെന്നും പൊലീസ് സഹായത്തോടെ പൈപ്പുകള്‍ ഇറക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗെയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രകൃതി വാതകം കൊണ്ടുപോകുന്നതിനെതിരെ പെരുമ്പിലാവില്‍ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മൂന്ന് ലോറികളും സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെയും സോളിഡാരിറ്റി പ്രവര്‍ത്തകരും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും തടഞ്ഞുവെച്ചിരുന്നു. പെരുമ്പിലാവില്‍ പൈപ്പുകള്‍ ഇറക്കാനുള്ള ശ്രമം ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി എന്‍.കെ. ഉണ്ണികൃഷ്ണന്‍, കണ്‍വീനര്‍ എം.എ. കമറുദ്ദീന്‍, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. കൊച്ചനിയന്‍, എം. മുരളി, കെ.ബി. ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.

No comments:

Post a Comment