Wednesday 1 August 2012

ജനങ്ങള്‍ റോഡ് നന്നാക്കിയപ്പോള്‍ പഞ്ചായത്തിന് അമര്‍ഷം

പെരുമ്പിലാവ്: തകര്‍ന്നുകിടന്നിരുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ അറക്കല്‍-കുന്നത്തുകുളം റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കി. ഗ്രാമീണ വേദിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടന്നത്. 25 മീറ്ററളോം റോഡിലാണ് ക്വാറി അവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കിയത്.
നിര്‍മാണ പ്രവൃത്തി നടക്കുന്ന സമയത്ത് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് അനധികൃത നിര്‍മാണം നടക്കുന്നു എന്നറിഞ്ഞാണ് സെക്രട്ടറി സ്ഥലത്തെത്തിയത്്. സെക്രട്ടറി തിരിച്ചുപോയതിനെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ റോഡിലെ അനധികൃത നിര്‍മാണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് അഭ്യൂഹം പരന്നു. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. ഏറക്കാലമായി തകര്‍ന്നുകിടന്നിരുന്ന റോഡ് അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്തധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 23ന് ചേര്‍ന്ന ഗ്രാമസഭയില്‍ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ ഗുണഭോക്താക്കളെ ചുമതലപ്പെടുത്തിയിരുന്നു.
ഇതനുസരിച്ചാണ് കഴിഞ്ഞ ദിവസം പണി തുടങ്ങിയത്. എന്നാല്‍, എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മാണത്തിന് തുക അനുവദിക്കുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിട്ടുള്ളതായി പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഐ. രാജേന്ദ്രന്‍ പറഞ്ഞു.

No comments:

Post a Comment