Tuesday, 15 November 2011

അനാഥകുട്ടികള്‍ക്ക് സ്നേഹവിരുന്നൊരുക്കി സാന്ത്വനം കുടുംബ സംഗമം

പെരുമ്പിലാവ്: ആറുവര്‍ഷത്തോളമായി സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കടവല്ലൂര്‍, പോര്‍ക്കുളം, കാട്ടകാമ്പാല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെരുമ്പിലാവിലെ സാന്ത്വനം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കമ്മിറ്റി ഭാരവാഹികളുടെ കുടുംബ സംഗമം ആനക്കല്ല് മേരിമാതാ കോട്ടേജിലെ അനാഥബാല്യങ്ങള്‍ക്ക് സ്നേഹവിരുന്നൊരുക്കി. അനാഥകള്‍ക്കൊപ്പം നിരാലംബരായ 60ഓളം കുട്ടികള്‍ക്കായാണ് സാന്ത്വനം പാലിയേറ്റിവ് കുടുംബാംഗങ്ങള്‍ സ്നേഹവിരുന്നൊരുക്കിയത്. ഇവര്‍ക്കൊപ്പം മുഖ്യാതിഥിയായി ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസും കുടുംബാംഗങ്ങളും പങ്കെടുത്തു. സാന്ത്വനം സീഡി പ്രകാശനവും ബോധവത്കരണ ക്ളാസും നടന്നു. സാന്ത്വനത്തിലേക്ക് ഫണ്ട് രൂപവത്കരിക്കുന്നതിന്‍െറ ഭാഗമായുള്ള നറുക്കെടുപ്പ് കൂപ്പണ്‍ സാന്ത്വനം പ്രസിഡന്‍റ് ഉസ്മാന്‍ കല്ലാട്ടയില്‍നിന്നും  കലക്ടര്‍ പി.എം. ഫ്രാന്‍സിസ് ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പാലിയേറ്റിവ് കുടുംബാംഗങ്ങളുടെയും മേരിമാതാ കോട്ടേജിലെ വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറി. സാന്ത്വനം പ്രസിഡന്‍റ് ഉസ്മാന്‍ കല്ലാട്ടയില്‍ അധ്യക്ഷത വഹിച്ചു. പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ജ്യോതി, കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ ഉമ്മര്‍,സി. ഗിരീഷ്കുമാര്‍, സാന്ത്വനം കണ്‍വീനര്‍ എം.എ. കമറുദ്ദീന്‍, സെക്രട്ടറി രാഗേഷ് പി. രാഘവന്‍, ട്രഷറര്‍ എണ്‍സണ്‍, കെ.എസ്. മായാദാസ് എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ക്കും സ്നേഹവിരുന്നിനും മേരിമാതാ സെക്രട്ടറി സജി കെ. മഞ്ഞപ്പിള്ളി, ബഷീര്‍ കടവല്ലൂര്‍, സൈമണ്‍ പനക്കല്‍, ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment