Saturday 25 February 2012

പാറേമ്പാടത്ത് തീപ്പിടിത്തത്തില്‍ ഒന്നരക്കോടിയുടെ നാശനഷ്ടം

കുന്നംകുളം:പാറേമ്പാടത്തും പരിസരപ്രദേശങ്ങളിലും അഞ്ചരമണിക്കൂറോളം നിന്നുകത്തിയ തീ അണയ്ക്കാനായത് സന്ധ്യയോടെ. വീടുകളുടെ പരിസരത്തേക്ക് തീ പടര്‍ന്നുകയറിയെങ്കിലും ആളപായമുണ്ടായില്ല. അഗ്‌നിശമനസേനയുടെ നാലു യൂണിറ്റുകള്‍ ഒരേസമയം പ്രര്‍ത്തിച്ചാണ് തീ അണച്ചത്.

ജോസിന്റെ വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന ക്വാളിസ്, ജീപ്പ്, അംബാസഡര്‍ കാര്‍, ആപേ ഓട്ടോറിക്ഷ, മാരുതി സെന്‍ കാര്‍ എന്നിവയാണ് കത്തിയത്. കടയ്ക്ക് തീപിടിച്ചതറിഞ്ഞ് ഓടിയെത്തിയ ജോസ് കത്താതെ കിടന്ന അംബാസഡര്‍ കാര്‍ തള്ളി പുറത്തിറക്കാന്‍ നോക്കിയെങ്കിലും തീ പടരുന്നത് കണ്ട് പിന്‍വാങ്ങി. എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് വര്‍ക്ക്‌ഷോപ്പിനുണ്ടായത്. വര്‍ക്ക്‌ഷോപ്പ് കെട്ടിടമടക്കം തീപ്പിടിത്തത്തില്‍ ഉരുകിപ്പോയി. പഴയതും പുതിയതുമായ മരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ കട്ടിളകള്‍, ജനാലകള്‍, തടിയില്‍ തീര്‍ത്ത മറ്റു ഗൃഹോപകരണ വസ്തുക്കള്‍ തുടങ്ങിയവയാണ് കീര്‍ത്തി വുഡ്‌സില്‍ ഉണ്ടായിരുന്നത്. നിര്‍മ്മിക്കാന്‍ കൊണ്ടുവന്ന മരങ്ങളടക്കം കത്തിപ്പോയതായി ഉടമ കാര്‍ത്തികേയന്‍ പറഞ്ഞു. ഏതാണ്ട് അമ്പതുലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ക്യാപ്ഷന്‍ ഇന്റീരിയേഴ്‌സില്‍ ഇറക്കിയ പുതിയ മരങ്ങളും പണിതീര്‍ത്ത ഫര്‍ണ്ണിച്ചറുമടക്കം ഇരുപത്തിയഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. മരക്കമ്പനി കത്തിയതറിഞ്ഞ് സുനില്‍കുമാര്‍ ബോധരഹിതനായി.

ശനിയാഴ്ച ഉച്ചയോടെ അയ്യപ്പത്ത് റോഡിന് സമീപത്തെ പാടത്താണ് തീ പടര്‍ന്നത്. ഉണങ്ങിവരണ്ടുകിടന്ന പുല്ലിന് പിടിച്ച തീ കാറ്റത്ത് ആളിപ്പടര്‍ന്നു. തീ പടര്‍ന്നതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കുന്നംകുളത്തെ എം.ജി. ഷോപ്പിങ് കോംപ്ലക്‌സിനു പിറകുവശത്തുള്ള നിത്യാനന്ദഭവന്‍ ഡയറിക്ക് പിടിച്ച് തീ കെടുത്തിക്കൊണ്ടിരുന്ന യൂണിറ്റ് നേരെ പാറേമ്പാടത്ത് എത്തി. ഗുരുവായൂരില്‍നിന്നും വടക്കാഞ്ചേരിയില്‍നിന്നും ഫയര്‍ഫോഴ്‌സും തുടര്‍ന്നെത്തി. സ്റ്റേഷന്‍ ഓഫീസര്‍ ലാസര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് തീ അണച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കെ. തോമസ്സിന്റെ നേതൃത്വത്തില്‍ പോലീസ് പാറേമ്പാടത്തു കൂടിയുള്ള ഗതാഗതം നിയന്ത്രിച്ച് തിരക്കൊഴിവാക്കി. ബാബു എം. പാലിശ്ശേരി എം.എല്‍.എ., നഗരസഭ ചെയര്‍മാന്‍ ടി.എസ്. സുബ്രഹ്മണ്യന്‍, മറ്റു രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകര്‍. നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

No comments:

Post a Comment