Friday 2 March 2012

ആന ഇടഞ്ഞോടിയെന്ന് വ്യാജ പ്രചാരണം; ജനം ഭീതിയിലായി

കരിക്കാട്‌:ചിറമനേങ്ങാട് ആന ഇടഞ്ഞോടിയെന്ന വ്യാജപ്രചാരണം ജനങ്ങളെ ഭീതിയിലാഴ്ത്തി. പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് സ്കൂളിന് സമീപം ആന ഇടഞ്ഞോടിയതായി വ്യാഴാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് കിംവദന്തി പരന്നത്. കാട്ടുതീ പോലെ പടര്‍ന്ന വാര്‍ത്തയറിഞ്ഞ് സമീപ പ്രദേശങ്ങളില്‍ നിന്നും ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി ആളുകള്‍ പന്നിത്തടത്തെത്തി.
വിവരമറിഞ്ഞ് പത്രപ്രതിനിധികളും പൊലീസും പന്നിത്തടം, ചിറമനേങ്ങാട് പ്രദേശങ്ങളില്‍ ആനക്കുവേണ്ടി തിരച്ചിലാരംഭിച്ചു. ഇതിനിടെ ചിറമനേങ്ങാട് കുന്നമ്പത്തുകാവ് ക്ഷേത്രത്തിന് സമീപത്താണ് ആന ഓടിയതെന്നും തിപ്പിലശ്ശേരി, അക്കിക്കാവ് ഭാഗത്തേക്കാണ് ഓടുന്നതെന്നും മറ്റൊരു പ്രചാരണം പരന്നു.
ഇതുകേട്ട ആളുകള്‍ ഈ പ്രദേശങ്ങള്‍ ലക്ഷ്യംവെച്ച് പാഞ്ഞു. ഈസമയം, ആനപ്പേടിയില്‍ ചിറമനേങ്ങാട് പ്രദേശവാസികള്‍ പുറത്തേക്കിറങ്ങാനാവാതെ വീട്ടിനുള്ളില്‍ കഴിച്ചുകൂട്ടുകയായിരുന്നു. നേരം ഇരുണ്ടുതുടങ്ങിയതിനാല്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയെല്ലാം വീട്ടിനുള്ളിലാക്കി മാതാപിതാക്കള്‍ വാതിലടച്ചു.
കുന്നംകുളത്തുനിന്നും എരുമപ്പെട്ടിയില്‍ നിന്നും എത്തിയ പൊലീസ് ചിറമനേങ്ങാട് പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും എവിടെയും ആനയെ കണ്ടെത്താനായില്ല. ആനയെ നേരില്‍കണ്ടവരാരുമില്ലെന്ന് അറിഞ്ഞതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ച് തിരിച്ചുപോവുകയായിരുന്നു. ആനയെ കാണാന്‍ ബൈക്കുകളിലും വാഹനങ്ങളിലും ചുറ്റി സഞ്ചരിച്ചവരും നിരാശരായി മടങ്ങി.
ആനയിടഞ്ഞ വിവരമറിഞ്ഞ് അക്കിക്കാവ്-പെരുമ്പിലാവ് പ്രദേശങ്ങളില്‍ ചിലര്‍ നേരത്തേ കച്ചവടസ്ഥാപനങ്ങള്‍ അടച്ചു. വാര്‍ത്ത ചാനലുകളില്‍ വന്നതോടെയാണ് ജനം കൂടുതല്‍ ഭീതിയിലായത്. ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നറിയാന്‍ കുന്നംകുളത്തെ ആശുപത്രികളിലേക്ക് നിലക്കാത്ത ഫോണ്‍വിളിയായിരുന്നു. ഫെബ്രുവരി 20ന് ചിറമനേങ്ങാട് ആന ഇടഞ്ഞിരുന്നു.

No comments:

Post a Comment